Saturday, 23 April 2016

മരണം കൊണ്ട് ജീവിക്കുന്നവര്‍: ‘കെ. ആര്‍. മീരയുടെ ആരാച്ചാരെക്കുറിച്ച് ചില ചിന്തകള്‍

മരണം കൊണ്ട് ജീവിക്കുന്നവര്‍: ‘കെ. ആര്‍. മീരയുടെ ആരാച്ചാരെക്കുറിച്ച് ചില ചിന്തകള്‍

ഓര്‍മയുടെ ഞരമ്പ്‌ വായിച്ചുതീര്‍ന്നപ്പോള്‍ തന്നെ എന്‍റെ മനസ്സില്‍ ഒരു കുടുക്ക് വീണിരുന്നു. ആരാച്ചാര്‍ക്ക്‌ മാത്രം അഴിക്കാവുന്ന ഒന്ന്.കേരള ലിറെററെച്ചര്‍ ഫെസ്ററിവലില്‍ വച്ചു നോവലിസ്റ്റിനെ കേള്‍ക്കാനിടയായപ്പോള്‍ ആ കുടുക്ക് മുറുകി. ആരാച്ചാര്‍ എപ്പോഴെങ്കിലും കൈയിലെത്തുമ്പോള്‍ വായിക്കാം എന്ന തീരുമാനം ഒടുവില്‍ സ്വന്തമായൊരു കോപ്പി വാങ്ങാം എന്ന തോന്നലിന് വഴിമാറി. “ഭൂമിയില്‍ മരണത്തേക്കാള്‍ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ” എന്ന ആമുഖ വാചകം ഒന്നാം അദ്ധ്യായത്തിന്റെ അവസാനത്തില്‍ എന്നെ മുന്നോട്ടു നയിച്ചു. അതൊരു പ്രോത്സാഹനമായിരുന്നു. കഥകള്‍ കേള്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് പറയുന്നവര്‍ നല്‍കുന്നതു പോലെ ഒന്ന്. ഉത്തരത്തിനായി കുറെദൂരം പോകണം എന്ന മുന്നറിയിപ്പ്. ഉത്തരം കിട്ടാതിരിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഉള്ള ഒരു സൂചന. പ്രതീക്ഷകളും മുന്‍വിധികളും ഒഴിവാക്കൂ എന്ന മാര്‍ഗനിര്‍ദേശം. അങ്ങനെ അഞ്ഞൂറ്റി അമ്പതോളം പേജുകളുള്ള, കറുത്ത  മുഖംമൂടി ധരിപ്പിച്ച പ്രണയത്തിന്റെയും, മരണത്തിന്‍റെയും രാഷ്ട്രീയ സംഹിതയെ ഞാനും (വായിച്ച്) അവസാനിപ്പിച്ചു.
ബംഗാളിലെ തെരഞ്ഞെടുപ്പു വാര്‍ത്തകളില്‍ പലതിലും മമതാബാനര്‍ജി രബീന്ദ്രസംഗീതത്തിന്‍റെ രാഷ്ട്രീയ സാദ്ധ്യതകള്‍ കണക്കിലെടുത്ത് മുന്നോട്ടുപോയത് അവരുടെ ജനസ്വീകാര്യത വര്‍ധിപ്പിച്ചതായുള്ള ചില നിരീക്ഷണങ്ങള്‍ കണ്ടിരുന്നു. ബംഗാളിന്‍റെ ഭൂമികയില്‍ വാര്‍ത്തെടുക്കപ്പെട്ട ആരാച്ചാരില്‍ രബീന്ദ്രസംഗീതം ചരിത്രത്തിന്‍റെ അടയാളപ്പെടുത്തല്‍ ആണ്. അത് ദേശത്തിന്‍റെ സ്വാതന്ത്ര്യലബ്ധിയെയും, അതിന്‍റെ വര്‍ത്തമാനകാല നിരര്‍ത്ഥകതയെയും കുറിച്ച്  സിംഫണി തീര്‍ക്കുന്നു. പാരമ്പര്യത്തിന്റെ, നഷ്ടങ്ങളുടെ, വേദനകളുടെ, നന്മകളുടെ, ജീവിതത്തിന്‍റെ ശ്വാസമായി നോവലില്‍ അത് നിറഞ്ഞു നില്‍ക്കുന്നു. അങ്ങനെ ആരച്ചാരിനെ ആ സംഗീതം ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ കഥയാക്കി മാറ്റുന്നു.
ദൈനംദിന ജീവിതത്തെ മുഴുവന്‍ പുരുഷന്‍റെ/സ്ത്രീയുടെ എന്ന ദ്വന്ദ്വത്തില്‍ രേഖപ്പെടുത്തി വച്ച കാലത്തിലേക്ക്, ലോകത്തിലേക്ക്‌ ചേതന ഗൃദ്ധമല്ലീക് എന്ന ഇരുപത്തിരണ്ടുകാരി ആരാച്ചാരുടെ ജോലി ഏറ്റെടുക്കാന്‍ സാഹചര്യങ്ങളുടെ, പ്രത്യേകിച്ചും ദാരിദ്ര്യത്തിന്റെയും, പാരമ്പര്യത്തിന്റെയും, സമ്മര്‍ദ്ദം മൂലം ഒരു സര്‍ക്കാര്‍ ജോലി എന്ന പ്രലോഭനത്തില്‍ സന്നദ്ധത അറിയിക്കുന്നതും അനവധി അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോയി കൃത്യം വിജയകരമായി നടപ്പിലാക്കുന്നതുമാണ് കഥയുടെ സംഗ്രഹം. സാമ്പത്തികമായി വലിയ പുരോഗതി കൈവരിച്ചിട്ടില്ലെങ്കിലും സാംസ്കാരികമായി വളര്‍ച്ചയും, സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് അഭിമാനവും ഉള്ള ഒരു പെണ്‍കുട്ടി കടന്നു പോകുന്ന സംഘര്‍ഷങ്ങളും അതിന് ആക്കം കൂട്ടാനായി വന്നെത്തിയ മിത്രന്‍ എന്ന നക്സലൈറ്റിന്റെയും, ത്രൈലോക്യദേവി എന്ന സോനഗച്ചിയിലെ, ചുവന്ന തെരുവിലെ, ധനാഢ്യയായ സ്ത്രീയുടെയും മകനായ, സ്വന്തം പാരമ്പര്യത്തെ ഭയത്തോടെയും വെറുപ്പോടെയും കാണുന്ന സഞ്ജീവ് കുമാര്‍ മിത്ര എന്ന മാധ്യമപ്രവര്‍ത്തകന്‍റെ പ്രണയത്തിന്‍റെ ആവരണം അണിഞ്ഞ ചൂഷണങ്ങളും കഥയിലെ വര്‍ത്തമാനത്തെ നയിക്കുമ്പോള്‍, ക്രിസ്തുവിനുമുന്പു നാനൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്മുതല്‍ മല്ലിക്കുമാരുടെ കുലചിഹ്നമായിതീര്‍ന്ന തൂക്കുകയര്‍ ഭൂതത്തിന്റെ കഥയുടെ ഭൂതങ്ങളെ നോവലില്‍ നിറയ്ക്കുന്നു. ശക്തിയെ പ്രതിനിധാനം ചെയ്യുന്ന കാളിഘട്ടിന്റെ ദേവതയെ പൂജിക്കുമ്പോള്‍ തന്നെ മാനസ എന്ന ദേശസംസ്കൃതിയില്‍ അലിഞ്ഞുചേര്‍ന്ന സങ്കല്പത്തെ ആരാധിക്കുന്നവളുമാണ് ചേതന. ഇംഗ്ലീഷില്‍ നാലക്ഷരം മാത്രമുള്ള, എന്നാല്‍ മലയാളത്തില്‍ എത്രയോ അര്‍ത്ഥവ്യാപ്തികളുള്ള “എനിക്ക് നിന്നെ ഒന്ന് അനുഭവിക്കണം”, എന്ന,  സ്ത്രീയെ ഒരു ഉപഭോഗ വസ്തു മാത്രം ആയി കാണുന്ന സമൂഹത്തിനു ചേതന നല്‍കുന്ന മറുപടിയാണ് അതേ പ്രയോഗം അത് ആദ്യമായി ഉപയോഗിച്ച,  പ്രേതങ്ങളുടെ നിലവറയിലേക്ക് അവളെ തള്ളിയിട്ടു , അവളുടെ  ശരീരത്തെ, അവളെത്തന്നെ അപമാനിക്കാന്‍ ശ്രമിച്ച സഞ്ജീവ് കുമാറിനെതിരെ,  അയാളെ അമ്പരപ്പിച്ചുകൊണ്ട്‌ ഉപയോഗിക്കുന്നതും കഥയുടെ അന്ത്യത്തില്‍ ഒരു പ്രതികാരമെന്നോണം പ്രവര്‍ത്തികമാക്കുന്നതും.
കൈകാലുകള്‍ നഷ്ടപ്പെട്ട ഫുട്ബോള്‍പ്രേമിയായ രാമുദായും, പ്രായവും അനുഭവവും സമ്പന്നയാക്കിയ ഥാക്കുമായും, കുടുംബത്തിനു വേണ്ടി വിപ്ലവത്തെ ബലികഴിച്ച കാക്കുവും, ഭര്‍ത്താവിന്‍റെ ജീവനുവേണ്ടി സ്വന്തം ശരീരം വിറ്റതിന്റെ പേരില്‍ കൊല്ലപ്പെട്ട കാകിയും, കുലത്തിന്റെ നീതിക്കുമുന്നില്‍ തൂക്കിലേറ്റപ്പെട്ട നീഹാരികയും, നല്ലവരായ മനോദയും, ശിബ്ദേബ് ബാബു എന്ന പോലീസുകാരനും, അനിശ്ചിതത്വത്തിന്റെ പന്ത്രണ്ടു വര്‍ഷങ്ങള്‍ തൂക്കിലേറ്റപ്പെടാനായി കാത്തിരിക്കേണ്ടിവന്ന യതീന്ദ്രനാഥ ബാനര്‍ജിയും, ഇരട്ടകൊലപതകങ്ങള്‍ നടത്തിയ നീതിയുടെ ഉപകരണമായ, അതെക്കുറിച്ച് വാചാലനായ ഫണിഭൂഷന്‍ ഗൃധമല്ലിക്കും, മത്സരത്തില്‍ മനുഷ്യത്വം നഷ്ടപ്പെട്ട മാധ്യമങ്ങളും കാല-ദേശങ്ങളുടെ അപരിചിതത്വം കുറക്കുന്നവര്‍ ആണ്. മറ്റൊരു സവിശേഷതയായി അനുഭവപ്പെട്ടത് മരണപ്പെടാന്‍ പോകുന്ന ആള്‍ ആരാച്ചാരെ നീതിയുടെ ഒരുപകരണം മാത്രമായി കണക്കാക്കുകയും, തനിക്ക് മോക്ഷം തരാനായി വന്ന ഒരാളോടെന്ന പോലെ സ്നേഹത്തോടെയും സൌഹൃദത്തോടെയും പെരുമാറുന്നതാണ്. മരിക്കുന്നവന്റെയും, കൊല്ലുന്നവളുടെയും ആ പാരസ്പര്യത്തില്‍ മരണം എന്നത് ഒരു ആത്മീയനുഭവമാണെന്ന തിരിച്ചറിവ് നോവല്‍ നല്‍കുന്നുണ്ട്.
ഒരു വ്യക്തി എന്ന നിലയില്‍ അവനവനില്‍ തന്നെ പരീക്ഷിക്കുമ്പോള്‍ ഒരു സമസ്യപോലെ തോന്നുന്നുണ്ടെങ്കില്‍ കൂടി എനിക്ക്‌ വളരെയധികം ഇഷ്ടമുള്ള വരികള്‍ ഇതിലെ ഥാക്കുമാ എന്ന കഥാപാത്രം ചേതനയോടു പറയുന്നതാണ്:
“പുരുഷന്‍റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടും രണ്ടാണ്.ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷന് സ്നേഹിക്കാന്‍ കഴിയൂ. സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാന്‍ സാധിക്കും.”
ഇത് ഇഷ്ട്ടപ്പെടാനുള്ള കാരണം അതില്‍ പുരുഷന്‍റെ മുന്‍ഗണന എന്നും, സ്ത്രീയുടെ ദൌര്‍ബല്യം എന്നും തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത് പുരുഷന്‍റെ ദൌര്‍ബല്യത്തെയും സങ്കുചിതത്തേയും, സ്ത്രീയുടെ നന്മയെയും ഹൃദയ വിശാലതയെയും ആണ് എന്ന് പുരുഷവിദ്വേഷം ഒട്ടും ഇല്ലാതെതന്നെ പറയട്ടെ . ഈ വാചകം ഒരു സാമാന്യവല്‍ക്കരണമാണെങ്കിലും അത് മനോഹരമായ അനുകരണീയമായ ഒരു സാദ്ധ്യതയാണ്. ചിന്തിക്കേണ്ട മറ്റൊരു കാര്യം ഇരയുടെ ചിരി വേട്ടക്കാരനെ എത്രമാത്രം ഭയപ്പെടുത്താന്‍ പര്യാപ്തമാണ് എന്നതാണ്. ശശി ദേശ്പാണ്ടെയുടെ നോവലിലെ നിശബ്ദയക്കപ്പെട്ട, ജയം കൈമോശം വന്ന ‘സുഹാസിനി’ അല്ല മീരയുടെ ചിരിക്കുന്ന, ചിന്തിക്കുന്ന ചേതന. ചേതന ആയിതീര്‍ന്ന സുഹാസിനി,  ചിരി എന്ന ആത്മീയ വളര്‍ച്ചയുടെ വക്താവും, ചിരി എന്ന ആയുധത്തിന്റെ അന്വേഷകയും ആണ്.
മണ്ണും മഴയും പ്രകാശവും ചരിത്രവും കാത്തുനിന്ന “ഭവിഷ്യ”ത്തിലേക്ക് പ്രണയവും മരണവും കൊണ്ട് നാമവും ജീവിതവും ലോകം മുഴുവന്‍ അനശ്വരമാക്കി, മറ്റാരും നിന്‍റെ വിളിക്ക് മറുപടി തരാന്‍ ഇല്ലാത്തപ്പോള്‍ നിന്‍റെ പാത സ്വയം തെരഞ്ഞെടുക്കുക” എന്നര്‍ത്ഥം വരുന്ന “ജോഡി തോര്‍ ഡാക്ഷു നെ കേവു ന അഷെ തോബെ ഏക് ല ച്ഹലോരേ” എന്ന രവീന്ദ്രനാഥ ടാഗോറിന്റെ പ്രസിദ്ധമായ വരികള്‍ ആലപിച്ചുകൊണ്ട് ചേതന ഒറ്റയ്ക്ക് നടന്നു പോകുമ്പോള്‍ നോവല്‍ അവസാനിക്കുന്നു.

അശ്വതി.എം.പി.

Saturday, 9 April 2016

പ്രകൃതിയും പ്രണയവും തൊട്ടുതൊട്ടു നടക്കുമ്പോള്‍: വീരാന്‍കുട്ടിയുടെ തൊട്ടുതൊട്ടു നടക്കുമ്പോള്‍, ഒരു വായന

അവധിക്കാലം ആലസ്യത്തിന്‍റെ ഉത്സവക്കാലമാണ്. തിരക്കുകള്‍ക്കിടയില്‍ അറിയാന്‍ മറന്നുപോയിരുന്ന പ്രഭാതത്തിന്‍റെ ഗന്ധങ്ങള്‍, ശബ്ദങ്ങള്‍, കാഴ്ചകള്‍ അങ്ങനെ ധൃതിയില്‍ ഒലിച്ചുപോയ എല്ലാം ഒരു കാര്‍ണിവല്‍ പോലെ സ്വദേശത്തേക്ക് തിരികെയെത്തുന്ന ദിവസങ്ങള്‍. അത്തരം ദിവസങ്ങളില്‍ കവിത ഒരു പ്രണയമായി കടന്നു വരുമ്പോള്‍ പിന്നീടു വരൂ, ഞാന്‍ അല്പം തിരക്കിലാണെന്ന് പറയേണ്ടിവരില്ല എന്ന സന്തോഷത്തോടെ കൈയിലെടുത്ത ആദ്യപുസ്തകം ‘മിണ്ടാപ്രാണി’യ്ക്ക് ശബ്ദമാകാന്‍ നിയോഗം ഉണ്ടായ വീരാന്‍കുട്ടിമാഷിന്‍റെ ‘തൊട്ടുതൊട്ടു നടക്കുമ്പോ’ളെന്ന കുഞ്ഞു കവിതകളുടെ കൂട്ടമായിരുന്നു. കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ ചെറിയ മനുഷ്യരേ സംബന്ധിക്കുന്ന ചെറിയ-വലിയ കാര്യങ്ങള്‍ പറയാന്‍ കുറച്ചു വാക്കുകള്‍ തന്നെ ധാരാളം ആണെന്ന് തോന്നിച്ച, കാല്പനികതയുടെ മായികലോകം തീര്‍ക്കാതെ തന്നെ ആര്‍ദ്രതയെ തൊട്ടുണര്‍ത്തുന്ന വാക്കുകളുടെ തുടര്‍ച്ച.
പുറംകാഴ്ചയില്‍ ഒരു ഓട്ടോഗ്രാഫിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുസതകതിന്റെ ഡിസൈന്‍- സമചതുരത്തിലുള്ള, ഒരു സാധാരണ പുസ്തകത്തിന്‍റെ പകുതിമാത്രം വലിപ്പമുള്ള, മഞ്ഞ നിറത്തിലുള്ള പേജുകള്‍ തുന്നിച്ചേര്‍ത്തതാണ് അത്. യഥാര്‍ത്ഥത്തില്‍ വായിച്ചേ തീരൂ എന്നു കരുതി സ്വന്തമാക്കി വച്ച  പുസ്തകങ്ങളില്‍ പലതും അലമാരയില്‍ ഭദ്രമായി ഉറങ്ങുമ്പോള്‍ പട്ടാമ്പിയില്‍ നടന്ന കവിതയുടെ കാര്‍ണിവലിലെ പ്രദര്‍ശനശാലയില്‍ നിന്ന് എന്നിലേക്കെത്തിച്ചേര്‍ന്നതാണ് ഇത്.
പ്രകൃതിയും പ്രണയവും ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന വരികള്‍ തുടങ്ങുന്നത് ലാളിത്യം നിറഞ്ഞ ഒരു രൂപകത്തിലൂടെ ആണ്: ശാഖകള്‍ തമ്മില്‍ സ്പര്‍ശിക്കാതിരിക്കാനായി നമ്മള്‍ അകറ്റി നട്ട മരങ്ങള്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്ന ദൃശ്യം, അസ്പൃശ്യതയുടെ അന്ധതയെ പരിഹസിച്ചു കൊണ്ട് പ്രകൃതികാണിച്ചുതരുന്ന സ്നേഹത്തിന്‍റെ സാധ്യതകളിലൂടെ സഞ്ചാരം തുടങ്ങുന്നു.എന്തിന്‌ ഇത്തരം ഉദ്ബോധനങ്ങള്‍ എന്നതിന്‍റെ ഉത്തരങ്ങള്‍ ‘ലോകം അവസാനിക്കാതിരിക്കാന്‍’, ഭാഷ മരിക്കാതിരിക്കാന്‍,  എന്നിങ്ങനെ അയത്നലളിതമായ ഭാഷയില്‍ ‘ലോകാവസാനത്തോളം’ എന്ന കവിത നല്‍കുന്നുണ്ട്. പ്രണയം ഒളിപ്പിച്ചു വയ്ക്കാനായി ആരും കാണാത്ത ഒരിടത്ത് ദൈവം ഒളിപ്പിച്ചു വച്ച ഒരു പേടകമാണ് മനസ്സ് കവിതകളിലൊന്ന്. അതില്‍ത്തന്നെ എന്‍റെ പ്രണയം എന്ന് ഉറക്കെ വിളിച്ചു പറയുന്ന വിപ്ലവത്മകത, നിന്നോടുള്ള എന്ന് പറയുന്നിടത്ത് ബ്രാക്കറ്റില്‍ ഒരു രഹസ്യത്തിന്റെ കുസൃതി ഒളിപ്പിക്കുന്നു.പ്രണയത്തെക്കുറിച്ച് പറയാന്‍ പലപ്പോഴും ദൈവത്തെ കൂട്ടുപിടിക്കുന്ന കവി സ്നേഹം ദൈവികമാണ് എന്നായിരിക്കാം ഉദ്ദേശിക്കുന്നത്. പ്രണയിക്കുമ്പോള്‍ എന്ന കവിത ഇങ്ങനെ സംസാരിക്കുന്നു:
“പ്രണയിക്കുമ്പോള്‍
നാം
പ്രണയിക്കുകയല്ല
ദൈവത്തിന്‌
ഏറ്റവും പ്രിയപ്പെട്ട
ചീത്തക്കുട്ടികളാവുകയാണ്”
യാഥാര്‍ത്ഥ്യബോധം എന്നത് പലപ്പോഴും പ്രണയം തരുന്ന അറിവുകളില്‍ പെടുന്നില്ല എന്നത് ‘കമിതാക്കള്‍’ എന്ന കവിതയില്‍പുഴയില്‍ പ്രതിബിംബിച്ച തീവണ്ടിയില്‍ കയറിപ്പറ്റിയ മീനുകളുടെ തീവണ്ടി പാലം കടന്നു കഴിയുമ്പോള്‍ വരാവുന്ന ശ്വസംമുട്ടലിനെക്കുറിച്ചുള്ള അജ്ഞതയിലൂടെ കവി വിശദീകരിക്കുന്നു. ജീവിതം പ്രമേയമായി വരുന്ന കവിതകളില്ലാം വേര്പിരിയലിനെക്കുറിച്ചുള്ള ഒരു ആധി നിറഞ്ഞു നില്‍ക്കുന്നതുപോലെ തോന്നും. ‘പരസ്പരം കലര്‍ന്നുപോയ’ എന്ന കവിത, ‘പരസ്പരം കൈമാറിയ വിളക്കുകള്‍ തിരിച്ചെടുക്കുമ്പോള്‍ കലര്‍ന്നുപോയ വെളിച്ചത്തെ വേര്‍തിരിച്ച് എടുക്കാനാകാത്ത സന്ദിഗ്ധതയെ ആവിഷ്കരിച്ചുകൊണ്ട് ഓര്‍മ്മിപ്പിക്കുന്നത്ശിഥിലമാക്കപ്പെടുന്ന ബന്ധങ്ങളിലെ വിട്ടുപോരാത്ത സന്തതികളെയല്ലേ എന്നു ചിന്തിക്കുന്നത് തെറ്റായിരിക്കില്ലെന്നു തോന്നുന്നു.വിരഹത്തിന്റെ എല്ലാ വേദനകളും നിറച്ചു വച്ച് അതിജീവനത്തിന്റെ സാധ്യതകളും, ഉപേക്ഷിച്ചു പോയ ഇടങ്ങളുടെ നിസഹായതയും വെളിപ്പെടുത്തുന്ന കവിതയാണ് ‘എങ്ങനെ നേരിടും’ എന്നത്:
നീ എഴുന്നേറ്റു പോയിടത്ത്
അവശേഷിച്ച ശൂന്യതയിലേക്ക്
കണ്ണയയ്ക്കാന്‍ വയ്യെനിക്ക്‌,
നിന്‍റെ അത്രയും വലുപ്പത്തില്‍
അവിടെയിരുന്ന്
വളരാന്‍ തുടങ്ങുന്ന
ഇല്ലായ്മയെ
ഞാന്‍ ഇനി
എങ്ങനെ നേരിടും....?
മറവി, മുറിവുകള്‍, വിചാരണ, നൃത്തം, തൊട്ടാല്‍ തീ പാറുന്ന, നീ പോയപ്പോള്‍, വാസ്തവമെങ്കിലും തുടങ്ങി അനേകം ദേശങ്ങളിലൂടെ പലതായി മധ്യസ്ഥന്മാരില്ലാതെ ഇരുവശത്തുനിന്നും പാഞ്ഞുവന്ന് ഒരു ആശ്ലേഷത്തിലൂടെ കൂട്ടിയിടിച്ച് തകരാതെ പിടിച്ചുനില്‍ക്കുന്ന വെളിച്ചങ്ങളാകുന്ന വാക്കുകള്‍.
പ്രണയിച്ചിരുന്ന കാലത്തെ ഒരു ഗൃഹാതുരതയോടെ ഓര്‍ക്കുന്ന രണ്ടിലൊരാള്‍, പെട്ടെന്ന് പ്രണയത്തിലൂടെ വാഴ്ത്തപ്പെട്ടവന്‍/ള്‍ ആയ, നല്ലവനായ, അഹിംസയുടെ വക്താവായ രണ്ടാമത്തെ വ്യക്തിയെ വെളിപ്പെടുത്തുമ്പോള്‍ സ്നേഹത്തിന്‍റെ മനസംസ്കരണ ശേഷിയെ ആണ് അടയാളപ്പെടുത്തുന്നത്.  ജീവിതത്തിന്റെയും, സ്നേഹത്തിന്റെയും ഈ കാലിഡോസ്കോപ്പില്‍ മരണത്തിന്‍റെ ഒന്ന് രണ്ടു വളപ്പൊട്ടുകള്‍ കൂടി ഇട്ടിട്ടുണ്ട്. ഒന്നാമത്തേത് അറ്റത്തു കുരുക്കുള്ള കയറുമായി എന്നെങ്കിലും വരാനിരിക്കുന്ന പ്രണയിയെക്കുറിച്ചു ശ്രദ്ധയുള്ള, അതുകൊണ്ടുതന്നെ തടി ദുര്‍ബലമാക്കി നിര്‍ത്തിയിരിക്കുന്ന പപ്പായമരം ആണെങ്കില്‍, മറ്റൊന്ന് വേര്‍പിരിയല്‍ എന്ന രണ്ടു ചെറിയ മരണങ്ങളാണ്. ‘മരിച്ചു പോകല്‍’ എന്ന നാലുവരിക്കവിത എവിടെക്കാണെന്ന് പറയാതെയുള്ള പിണങ്ങിപ്പോക്കായാണ് മരണത്തെ ആവിഷ്കരിക്കുന്നത്. ആദികവിയായ വാല്മീകി മുതല്‍ പ്രണയ നായകനായി അരങ്ങേറിയ, പതിറ്റാണ്ടുകള്‍ക്കു ശേഷം ഓസ്കാറിലൂടെ അന്ഗീകരിക്കപ്പെട്ട ഡി കാപ്രിയോ വരെ ഉയര്‍ത്തിയ പ്രകൃതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ ഒരു സംഗ്രഹം എന്നു  കൂടി പറയാം ഈ കുട്ടിക്കവിതകളുടെ കൂട്ടത്തെ. ഇവയില്‍ പലതും നവമാധ്യമാങ്ങളിലൂടെ നമ്മള്‍ വായിച്ചവയാകാതെ തരമില്ല. പക്ഷേപുനര്‍വയനകളില്‍ നഷ്ട്ടപ്പെടുന്നതല്ല ഇവയുടെ ലാളിത്യവും പുതുമയും.  അകറ്റി നട്ട മരങ്ങളില്‍ തുടങ്ങി, തൊട്ടുതൊട്ടു നടക്കുമ്പോഴില്‍ അവസാനിക്കുന്ന പുസ്തകം ഒരു അന്വേഷണമാണ് വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്‌, ‘വാക്കേത്’ എന്ന കവിതയില്‍ പറയുന്നതുപോലെ:
പ്രണയത്തെ
പറയാന്‍ പറ്റിയ വാക്കേത്?
മിണ്ടാതിരിക്കൂ
അപ്പോ അറിയാനായേക്കും.

അശ്വതി.എം .പി