Saturday 9 April 2016

പ്രകൃതിയും പ്രണയവും തൊട്ടുതൊട്ടു നടക്കുമ്പോള്‍: വീരാന്‍കുട്ടിയുടെ തൊട്ടുതൊട്ടു നടക്കുമ്പോള്‍, ഒരു വായന

അവധിക്കാലം ആലസ്യത്തിന്‍റെ ഉത്സവക്കാലമാണ്. തിരക്കുകള്‍ക്കിടയില്‍ അറിയാന്‍ മറന്നുപോയിരുന്ന പ്രഭാതത്തിന്‍റെ ഗന്ധങ്ങള്‍, ശബ്ദങ്ങള്‍, കാഴ്ചകള്‍ അങ്ങനെ ധൃതിയില്‍ ഒലിച്ചുപോയ എല്ലാം ഒരു കാര്‍ണിവല്‍ പോലെ സ്വദേശത്തേക്ക് തിരികെയെത്തുന്ന ദിവസങ്ങള്‍. അത്തരം ദിവസങ്ങളില്‍ കവിത ഒരു പ്രണയമായി കടന്നു വരുമ്പോള്‍ പിന്നീടു വരൂ, ഞാന്‍ അല്പം തിരക്കിലാണെന്ന് പറയേണ്ടിവരില്ല എന്ന സന്തോഷത്തോടെ കൈയിലെടുത്ത ആദ്യപുസ്തകം ‘മിണ്ടാപ്രാണി’യ്ക്ക് ശബ്ദമാകാന്‍ നിയോഗം ഉണ്ടായ വീരാന്‍കുട്ടിമാഷിന്‍റെ ‘തൊട്ടുതൊട്ടു നടക്കുമ്പോ’ളെന്ന കുഞ്ഞു കവിതകളുടെ കൂട്ടമായിരുന്നു. കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ ചെറിയ മനുഷ്യരേ സംബന്ധിക്കുന്ന ചെറിയ-വലിയ കാര്യങ്ങള്‍ പറയാന്‍ കുറച്ചു വാക്കുകള്‍ തന്നെ ധാരാളം ആണെന്ന് തോന്നിച്ച, കാല്പനികതയുടെ മായികലോകം തീര്‍ക്കാതെ തന്നെ ആര്‍ദ്രതയെ തൊട്ടുണര്‍ത്തുന്ന വാക്കുകളുടെ തുടര്‍ച്ച.
പുറംകാഴ്ചയില്‍ ഒരു ഓട്ടോഗ്രാഫിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുസതകതിന്റെ ഡിസൈന്‍- സമചതുരത്തിലുള്ള, ഒരു സാധാരണ പുസ്തകത്തിന്‍റെ പകുതിമാത്രം വലിപ്പമുള്ള, മഞ്ഞ നിറത്തിലുള്ള പേജുകള്‍ തുന്നിച്ചേര്‍ത്തതാണ് അത്. യഥാര്‍ത്ഥത്തില്‍ വായിച്ചേ തീരൂ എന്നു കരുതി സ്വന്തമാക്കി വച്ച  പുസ്തകങ്ങളില്‍ പലതും അലമാരയില്‍ ഭദ്രമായി ഉറങ്ങുമ്പോള്‍ പട്ടാമ്പിയില്‍ നടന്ന കവിതയുടെ കാര്‍ണിവലിലെ പ്രദര്‍ശനശാലയില്‍ നിന്ന് എന്നിലേക്കെത്തിച്ചേര്‍ന്നതാണ് ഇത്.
പ്രകൃതിയും പ്രണയവും ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന വരികള്‍ തുടങ്ങുന്നത് ലാളിത്യം നിറഞ്ഞ ഒരു രൂപകത്തിലൂടെ ആണ്: ശാഖകള്‍ തമ്മില്‍ സ്പര്‍ശിക്കാതിരിക്കാനായി നമ്മള്‍ അകറ്റി നട്ട മരങ്ങള്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്ന ദൃശ്യം, അസ്പൃശ്യതയുടെ അന്ധതയെ പരിഹസിച്ചു കൊണ്ട് പ്രകൃതികാണിച്ചുതരുന്ന സ്നേഹത്തിന്‍റെ സാധ്യതകളിലൂടെ സഞ്ചാരം തുടങ്ങുന്നു.എന്തിന്‌ ഇത്തരം ഉദ്ബോധനങ്ങള്‍ എന്നതിന്‍റെ ഉത്തരങ്ങള്‍ ‘ലോകം അവസാനിക്കാതിരിക്കാന്‍’, ഭാഷ മരിക്കാതിരിക്കാന്‍,  എന്നിങ്ങനെ അയത്നലളിതമായ ഭാഷയില്‍ ‘ലോകാവസാനത്തോളം’ എന്ന കവിത നല്‍കുന്നുണ്ട്. പ്രണയം ഒളിപ്പിച്ചു വയ്ക്കാനായി ആരും കാണാത്ത ഒരിടത്ത് ദൈവം ഒളിപ്പിച്ചു വച്ച ഒരു പേടകമാണ് മനസ്സ് കവിതകളിലൊന്ന്. അതില്‍ത്തന്നെ എന്‍റെ പ്രണയം എന്ന് ഉറക്കെ വിളിച്ചു പറയുന്ന വിപ്ലവത്മകത, നിന്നോടുള്ള എന്ന് പറയുന്നിടത്ത് ബ്രാക്കറ്റില്‍ ഒരു രഹസ്യത്തിന്റെ കുസൃതി ഒളിപ്പിക്കുന്നു.പ്രണയത്തെക്കുറിച്ച് പറയാന്‍ പലപ്പോഴും ദൈവത്തെ കൂട്ടുപിടിക്കുന്ന കവി സ്നേഹം ദൈവികമാണ് എന്നായിരിക്കാം ഉദ്ദേശിക്കുന്നത്. പ്രണയിക്കുമ്പോള്‍ എന്ന കവിത ഇങ്ങനെ സംസാരിക്കുന്നു:
“പ്രണയിക്കുമ്പോള്‍
നാം
പ്രണയിക്കുകയല്ല
ദൈവത്തിന്‌
ഏറ്റവും പ്രിയപ്പെട്ട
ചീത്തക്കുട്ടികളാവുകയാണ്”
യാഥാര്‍ത്ഥ്യബോധം എന്നത് പലപ്പോഴും പ്രണയം തരുന്ന അറിവുകളില്‍ പെടുന്നില്ല എന്നത് ‘കമിതാക്കള്‍’ എന്ന കവിതയില്‍പുഴയില്‍ പ്രതിബിംബിച്ച തീവണ്ടിയില്‍ കയറിപ്പറ്റിയ മീനുകളുടെ തീവണ്ടി പാലം കടന്നു കഴിയുമ്പോള്‍ വരാവുന്ന ശ്വസംമുട്ടലിനെക്കുറിച്ചുള്ള അജ്ഞതയിലൂടെ കവി വിശദീകരിക്കുന്നു. ജീവിതം പ്രമേയമായി വരുന്ന കവിതകളില്ലാം വേര്പിരിയലിനെക്കുറിച്ചുള്ള ഒരു ആധി നിറഞ്ഞു നില്‍ക്കുന്നതുപോലെ തോന്നും. ‘പരസ്പരം കലര്‍ന്നുപോയ’ എന്ന കവിത, ‘പരസ്പരം കൈമാറിയ വിളക്കുകള്‍ തിരിച്ചെടുക്കുമ്പോള്‍ കലര്‍ന്നുപോയ വെളിച്ചത്തെ വേര്‍തിരിച്ച് എടുക്കാനാകാത്ത സന്ദിഗ്ധതയെ ആവിഷ്കരിച്ചുകൊണ്ട് ഓര്‍മ്മിപ്പിക്കുന്നത്ശിഥിലമാക്കപ്പെടുന്ന ബന്ധങ്ങളിലെ വിട്ടുപോരാത്ത സന്തതികളെയല്ലേ എന്നു ചിന്തിക്കുന്നത് തെറ്റായിരിക്കില്ലെന്നു തോന്നുന്നു.വിരഹത്തിന്റെ എല്ലാ വേദനകളും നിറച്ചു വച്ച് അതിജീവനത്തിന്റെ സാധ്യതകളും, ഉപേക്ഷിച്ചു പോയ ഇടങ്ങളുടെ നിസഹായതയും വെളിപ്പെടുത്തുന്ന കവിതയാണ് ‘എങ്ങനെ നേരിടും’ എന്നത്:
നീ എഴുന്നേറ്റു പോയിടത്ത്
അവശേഷിച്ച ശൂന്യതയിലേക്ക്
കണ്ണയയ്ക്കാന്‍ വയ്യെനിക്ക്‌,
നിന്‍റെ അത്രയും വലുപ്പത്തില്‍
അവിടെയിരുന്ന്
വളരാന്‍ തുടങ്ങുന്ന
ഇല്ലായ്മയെ
ഞാന്‍ ഇനി
എങ്ങനെ നേരിടും....?
മറവി, മുറിവുകള്‍, വിചാരണ, നൃത്തം, തൊട്ടാല്‍ തീ പാറുന്ന, നീ പോയപ്പോള്‍, വാസ്തവമെങ്കിലും തുടങ്ങി അനേകം ദേശങ്ങളിലൂടെ പലതായി മധ്യസ്ഥന്മാരില്ലാതെ ഇരുവശത്തുനിന്നും പാഞ്ഞുവന്ന് ഒരു ആശ്ലേഷത്തിലൂടെ കൂട്ടിയിടിച്ച് തകരാതെ പിടിച്ചുനില്‍ക്കുന്ന വെളിച്ചങ്ങളാകുന്ന വാക്കുകള്‍.
പ്രണയിച്ചിരുന്ന കാലത്തെ ഒരു ഗൃഹാതുരതയോടെ ഓര്‍ക്കുന്ന രണ്ടിലൊരാള്‍, പെട്ടെന്ന് പ്രണയത്തിലൂടെ വാഴ്ത്തപ്പെട്ടവന്‍/ള്‍ ആയ, നല്ലവനായ, അഹിംസയുടെ വക്താവായ രണ്ടാമത്തെ വ്യക്തിയെ വെളിപ്പെടുത്തുമ്പോള്‍ സ്നേഹത്തിന്‍റെ മനസംസ്കരണ ശേഷിയെ ആണ് അടയാളപ്പെടുത്തുന്നത്.  ജീവിതത്തിന്റെയും, സ്നേഹത്തിന്റെയും ഈ കാലിഡോസ്കോപ്പില്‍ മരണത്തിന്‍റെ ഒന്ന് രണ്ടു വളപ്പൊട്ടുകള്‍ കൂടി ഇട്ടിട്ടുണ്ട്. ഒന്നാമത്തേത് അറ്റത്തു കുരുക്കുള്ള കയറുമായി എന്നെങ്കിലും വരാനിരിക്കുന്ന പ്രണയിയെക്കുറിച്ചു ശ്രദ്ധയുള്ള, അതുകൊണ്ടുതന്നെ തടി ദുര്‍ബലമാക്കി നിര്‍ത്തിയിരിക്കുന്ന പപ്പായമരം ആണെങ്കില്‍, മറ്റൊന്ന് വേര്‍പിരിയല്‍ എന്ന രണ്ടു ചെറിയ മരണങ്ങളാണ്. ‘മരിച്ചു പോകല്‍’ എന്ന നാലുവരിക്കവിത എവിടെക്കാണെന്ന് പറയാതെയുള്ള പിണങ്ങിപ്പോക്കായാണ് മരണത്തെ ആവിഷ്കരിക്കുന്നത്. ആദികവിയായ വാല്മീകി മുതല്‍ പ്രണയ നായകനായി അരങ്ങേറിയ, പതിറ്റാണ്ടുകള്‍ക്കു ശേഷം ഓസ്കാറിലൂടെ അന്ഗീകരിക്കപ്പെട്ട ഡി കാപ്രിയോ വരെ ഉയര്‍ത്തിയ പ്രകൃതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ ഒരു സംഗ്രഹം എന്നു  കൂടി പറയാം ഈ കുട്ടിക്കവിതകളുടെ കൂട്ടത്തെ. ഇവയില്‍ പലതും നവമാധ്യമാങ്ങളിലൂടെ നമ്മള്‍ വായിച്ചവയാകാതെ തരമില്ല. പക്ഷേപുനര്‍വയനകളില്‍ നഷ്ട്ടപ്പെടുന്നതല്ല ഇവയുടെ ലാളിത്യവും പുതുമയും.  അകറ്റി നട്ട മരങ്ങളില്‍ തുടങ്ങി, തൊട്ടുതൊട്ടു നടക്കുമ്പോഴില്‍ അവസാനിക്കുന്ന പുസ്തകം ഒരു അന്വേഷണമാണ് വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്‌, ‘വാക്കേത്’ എന്ന കവിതയില്‍ പറയുന്നതുപോലെ:
പ്രണയത്തെ
പറയാന്‍ പറ്റിയ വാക്കേത്?
മിണ്ടാതിരിക്കൂ
അപ്പോ അറിയാനായേക്കും.

അശ്വതി.എം .പി


No comments:

Post a Comment